തിരുവനന്തപുരം: ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ദേവസ്വം ബോർഡ് പ്രസിഡന്റ്, ഇനി മുതൽ ‘അയ്യപ്പ സംഗമം’ ഉണ്ടാകില്ലെന്നും പ്രഖ്യാപിച്ചു. ഭക്തർക്ക് സന്നിധാനത്തെ താമസസൗകര്യം ഉറപ്പാക്കുന്നതിലും വലിയ മാറ്റങ്ങളാണ് വരുത്തുന്നത്.
സന്നിധാനത്തെ മുറികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കാനാണ് ബോർഡിന്റെ തീരുമാനം. മുൻപ് ആകെയുള്ള 690 മുറികളിൽ 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ ബുക്കിംഗ് വഴി ലഭ്യമാക്കും.
മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഒഴിവാക്കിയിട്ടുണ്ട്.മുറിവാടക മുൻകൂറായി നൽകി, വെറും 50 രൂപ സർവീസ് ചാർജ് മാത്രം ഈടാക്കി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാം.
തീർത്ഥാടന കാലത്തെ നിരീക്ഷണത്തിനായി നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ ഐ (Artificial Intelligence) ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

