വിഴിഞ്ഞം ഓഹരി കൈമാറ്റം: സിപിഐഎമ്മിൽ ഭിന്നതയില്ലെന്ന് എം വി ഗോവിന്ദൻ

11 July 2026
വിഴിഞ്ഞം ഓഹരി കൈമാറ്റം: സിപിഐഎമ്മിൽ ഭിന്നതയില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ ഭിന്നതയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

25 ശതമാനത്തിലേറെ വിഹിതം വിൽക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുവാദം ആവശ്യമാണെന്ന കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ സെബിയെ (SEBI) സമീപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് തങ്ങൾക്ക് അറിയേണ്ടതെന്ന് എം വി ഗോവിന്ദൻ. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ മംഗലാപുരം സ്പെഷ്യൽ ഫ്ലൈറ്റ് യാത്രയും അദാനിയുടെ പ്രധാനപ്പെട്ട ആളുകളെ കണ്ടതും വലിയ ചർച്ചയായെങ്കിലും ഈ ചോദ്യങ്ങൾക്കൊന്നും നാളിതുവരെ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.