തൃശ്ശൂർ: ഗുരുവായൂരിൽ അറുപത്തിയഞ്ചുകാരിയെ കിണറ്റിൽ തള്ളിവിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചേലക്കര സ്വദേശിനി സന്താനവല്ലി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശി സുരേഷ് കുമാർ, ഇയാളുടെ കൂട്ടാളി എന്നിവരെയാണ് ഗുരുവായൂർ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയോടെയാണ് വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്.
സുരേഷ് കുമാർ ഗുരുവായൂരിൽ വാടകയ്‌ക്കെടുത്തിരുന്ന വീട്ടിലേക്ക് കഴിഞ്ഞദിവസം സന്താനവല്ലി എത്തിയിരുന്നു. ഇവിടെവെച്ച് ഇവർ തമ്മിലുണ്ടായ തർക്കവും കൈയേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
തർക്കത്തിനിടെ സുരേഷും കൂട്ടാളിയും ചേർന്ന് വയോധികയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

