പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ഇന്ന് വിധി പ്രസ്താവിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച (ഈ മാസം 6-ാം തീയതി) പ്രഖ്യാപിക്കേണ്ടിയിരുന്ന വിധിന്യായം, ജഡ്ജിക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പോത്തുണ്ടി സ്വദേശി സുധാകരൻ, ഇയാളുടെ അമ്മ ലക്ഷ്മി എന്നിവരെ 2025 ജനുവരി 27-നാണ് പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
ചെന്താമരയുടെ ഭാര്യ വീടുവിട്ടുപോകാൻ കാരണം സുധാകരന്റെ ഭാര്യ സജിതയാണെന്ന സംശയത്തെ തുടർന്ന് 2019 ഓഗസ്റ്റ് 31-ന് സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തി. 2019 സെപ്റ്റംബർ 2-ന് ഇയാൾ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.
സജിത വധക്കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് നെന്മാറയിൽ എത്തിയത്. തുടർന്ന് സുധാകരനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഒടുവിൽ 2025 ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര ക്രൂരമായി കൊലപ്പെടുത്തി.
ഇരട്ടക്കൊലപാതകത്തിന് ശേഷം സമീപത്തെ മലനിരകളിലേക്ക് ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ തണ്ടർബോൾട്ടും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ജനുവരി 29-ന് രാത്രിയോടെയാണ് ഇയാളെ വലയിലാക്കിയത്.

