ആർ. സുഗതന് വിയ്യൂർ ജയിലിൽ പുനഃസത്യപ്രതിജ്ഞ

13 July 2026
ആർ. സുഗതന് വിയ്യൂർ ജയിലിൽ പുനഃസത്യപ്രതിജ്ഞ

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും കാപ്പ (KAAPA) കേസ് പ്രതിയുമായ ബിജെപി നേതാവ് ആർ. സുഗതന് ജയിലിൽ വെച്ച് പുനഃസത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി. നാളെ (ജൂലൈ 14) രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

ചടങ്ങുമായി ബന്ധപ്പെട്ട് ജയിലിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ജയിലിലെത്തി സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കായി സമയം അനുവദിച്ചിരുന്നത്. എന്നാൽ കാപ്പ നിയമപ്രകാരമുള്ള തടവ് നിലനിൽക്കുന്നതിനാൽ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ സുഗതന് പുറത്തിറങ്ങാൻ കഴിയുമായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് തന്നെ ചടങ്ങ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.

അതേസമയം, പുനഃസത്യപ്രതിജ്ഞ നടക്കുമെങ്കിലും കാപ്പ നിയമപ്രകാരമുള്ള തടവ് നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ സുഗതന് തുടർന്ന് പങ്കെടുക്കാനാകില്ല.