കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനിക്ക് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്നും അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി.
വിചാരണ കോടതി കണ്ടെത്തിയ കുറ്റങ്ങൾ ശരിവെക്കുന്നതാണെന്നും ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്.
നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണ്. ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകും. സ്ത്രീകളുടെ അന്തസ്സിനെയും ശാരീരിക സ്വയംഭരണത്തെയും ബാധിക്കുന്ന ഇത്തരം കേസുകളിൽ പ്രതിക്ക് ഇളവ് നൽകരുതെന്നും നടി വാദിച്ചു.
പ്രതികൾക്ക് ലഭിച്ച ശിക്ഷ വർദ്ധിപ്പിക്കണമെന്ന സർക്കാരിന്റെ അപ്പീലും നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

