തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശയെത്തുടർന്നാണ് ഈ തീരുമാനം. സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാത്രമേ സർക്കാർ ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരും ട്രാൻസ്പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട ഉന്നതതല സമിതിയാണ് ഡിഎംആർസിയുടെ ഇടക്കാല റിപ്പോർട്ട് വിലയിരുത്തിയത്.
പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യതയെക്കുറിച്ചോ, പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങൾ ഡിഎംആർസിയുടെ ഇടക്കാല റിപ്പോർട്ടിൽ ഇല്ല. ഇതൊരു പൂർണ്ണമായ റിപ്പോർട്ടല്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ.
നിലവിലെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ള സാമ്പത്തിക മാതൃക പ്രായോഗികമല്ല. യാത്രക്കാരെ മാത്രം ആശ്രയിച്ചുള്ള ഈ മോഡൽ മുന്നോട്ട് കൊണ്ടുപോയാൽ സംസ്ഥാനത്തിന് അത് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

