തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയും തുടർന്നുണ്ടാകുന്ന നിയന്ത്രണങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടാണ് പവർകട്ട് ഉണ്ടായതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
രാജ്യമെമ്പാടും നിലനിൽക്കുന്ന സമാനമായ കടുത്ത സാഹചര്യങ്ങളുടെ ഭാഗമായാണ് കേരളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ നിലവിൽ ആയിരം മെഗാവാട്ടിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം കടുത്ത ചൂടും വേനൽമഴയുടെ കുറവും മൂലം ആഭ്യന്തര ഉൽപാദനത്തിലുണ്ടായ വൻ ഇടിവാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വിശദീകരിച്ചു.
വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ (പരമാവധി ഉപഭോഗ സമയങ്ങളിൽ) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രതിസന്ധി മറികടക്കാൻ രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വീടുകളിലും ഓഫീസുകളിലും എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നത് വൈദ്യുതി ഉപയോഗം വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കും.
രാത്രികാലങ്ങളിൽ കൂടുതൽ വൈദ്യുതി ആവശ്യമുള്ള അയൺ ബോക്സ്, മോട്ടോറുകൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി ഒഴിവാക്കി പകൽ സമയത്തേക്ക് മാറ്റണം.
കടകളിലും വീടുകളിലും അനാവശ്യമായി ലൈറ്റുകൾ പ്രകാശിപ്പിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.

