നവകേരള മർദ്ദനക്കേസ് അട്ടിമറി: എഡിജിപി എം.ആർ അജിത് കുമാറിന് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്; പുതിയ നീക്കങ്ങൾ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല യോഗം ചേരാനിരിക്കെ

17 July 2026
നവകേരള മർദ്ദനക്കേസ് അട്ടിമറി: എഡിജിപി എം.ആർ അജിത് കുമാറിന് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്; പുതിയ നീക്കങ്ങൾ അജിത് കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല യോഗം ചേരാനിരിക്കെ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിലുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ശക്തമാകുന്നു.

കേസ് അട്ടിമറിയിൽ എഡിജിപിയുടെ ഇടപെടലുകൾ ശരിവെക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ, ഡിജിപി ഇന്ന് അജിത് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രണ്ട് ദിവസത്തിനകം ഇതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ കർശന നിർദ്ദേശം.

അജിത് കുമാറിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച ചർച്ചകൾക്കായി ഈ മാസം 20-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരാനിരിക്കെയാണ് ഈ പുതിയ നീക്കങ്ങൾ. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കുന്ന യോഗത്തിൽ ഈ അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാകും.

രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ എഡിജിപി ഇടപെട്ടതിന്റെ കൃത്യമായ തെളിവുകൾ എസ്‌ഐടി ഇന്നലെ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അജിത് കുമാറിന്റെ പേരെടുത്ത് പരാമർശിക്കുന്ന വിശദമായ റിപ്പോർട്ടും അനുബന്ധ തെളിവുകളുമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ഇത് എഡിജിപിക്ക് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.