കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി ഡോ. എം. കെ. റാമിനെ പോലീസ് പിടികൂടി.
കുടകിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പ്രതിയെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
നേരത്തെ ഡോ. റാമിനെ തേടി ക്രൈംബ്രാഞ്ച് സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ എത്തിയിരുന്നെങ്കിലും ഇയാൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കുടകിലേക്ക് മാറിയത്.
ഒളിവിൽ കഴിയവെ താടി വെച്ച് രൂപമാറ്റം വരുത്തിയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് പ്രതി വലയിലാകുന്നത്.

