കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം. കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് എസ്.പി. കെ. വി. വേണുഗോപാൽ അറിയിച്ചു. കസ്റ്റഡിയിലുള്ള ഇയാളെ നിലവിൽ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിലും ആന്ധ്രപ്രദേശിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഡോ. റാമിനെ കർണാടകയിലെ കുടകിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതിയെ പിടികൂടാനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ പോലീസ് കൃത്യമായ അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും മരണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്നും ക്രൈംബ്രാഞ്ച് എസ്.പി. കൂട്ടിച്ചേർത്തു.

