ടെഹ്റാൻ: ഇറാന് നേരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണം തുടർച്ചയായ പത്താം ദിവസവും ശക്തമായി തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം. ആക്രമണത്തെ തുടർന്ന് ഇന്ധന ടാങ്കറിന് തീ പിടിക്കുകയും ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെടുകയും ചെയ്തു.
അമേരിക്ക വ്യോമാക്രമണം അവസാനിപ്പിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടത്തിവിടില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ, കുവൈത്തിലെ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
മറുവശത്ത്, ഇറാന്റെ സൈനിക കമാൻഡ് സെന്ററുകളും തീരദേശ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇറാന്റെ സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, ചബഹാർ, കൊനാരക് എന്നീ മേഖലകളിലാണ് യു.എസ് പ്രധാനമായും ബോംബാക്രമണം നടത്തിയത്.
കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ മേഖലയിലെ സുരക്ഷാ ആശങ്കകളും ആഗോള സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് വഴിയിലെ കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ട മട്ടാണ്.ഇതിൻ്റെ പ്രതിഫലനമെന്നോണം അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളർ കടന്നു.

