ന്യൂയോർക്ക്: ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടരുതെന്ന് റഷ്യക്കും ചൈനയ്ക്കും മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഇത്തരം ഇടപാടുകൾ നടത്തുന്നത് ഇരുരാജ്യങ്ങൾക്കും വലിയ ദോഷം ചെയ്യുമെന്നും, എന്നാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്ന് വിശ്വസിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഇരുരാജ്യങ്ങൾക്കെതിരെയും ട്രംപ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും കേന്ദ്രങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങളിൽ റഷ്യയോ ചൈനയോ ഇറാനെ സഹായിക്കുന്നുണ്ടോ എന്ന് അമേരിക്കൻ ഏജൻസികൾ അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ പ്രസ്താവന വരുന്നത്.

