ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി

29 July 2026
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ തടവുശിക്ഷയും പിഴയും കർശനമാക്കുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ തള്ളി ശബ്ദവോട്ടോടെയാണ് സഭ ബിൽ പാസാക്കിയത്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച ഭേദഗതി അനുസരിച്ച് പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്കുള്ള ശിക്ഷയും പിഴയും ഗണ്യമായി ഉയർത്തിയിട്ടുണ്ട്.

പുതിയ ഭേദഗതി പ്രകാരം വ്യക്തിഗത ക്രമക്കേടുകൾക്കുള്ള തടവുശിക്ഷ അഞ്ചു മുതൽ പത്തു വർഷം വരെയും പിഴ 50 ലക്ഷം രൂപ വരെയുമായി ഉയർത്തി.

പരീക്ഷ നടത്തുന്ന സ്ഥാപനങ്ങളും കേന്ദ്രങ്ങളും നടത്തുന്ന ഗുരുതര ക്രമക്കേടുകൾക്കുള്ള പിഴ ഒരു കോടിയിൽ നിന്ന് 5 കോടിയാക്കി. വിലക്കിന്റെ കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമാക്കി ഉയർത്തി.

സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിലവിലെ തടവുശിക്ഷ 5 മുതൽ 7 വർഷം വരെയാക്കി. പിഴത്തുക ഒരു കോടിയിൽ നിന്ന് 10 കോടി രൂപ വരെ ആയി വർധിപ്പിച്ചു.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ രണ്ടു മാസത്തിനകം പൂർത്തിയാക്കണമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.