മുംബൈ: കേന്ദ്ര സർക്കാരിന്റെ ഇ-20 എഥനോൾ പദ്ധതിയിലൂടെ തനിക്കും കുടുംബത്തിനും സാമ്പത്തിക ലാഭമുണ്ടായെന്ന രീതിയിൽ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിയമനടപടി സ്വീകരിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വ്യാജ പോസ്റ്റുകൾ, എഐ നിർമ്മിത ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ എന്നിവയ്ക്കെതിരെ മെറ്റ, ഗൂഗിൾ, എക്സ് (ട്വിറ്റർ) തുടങ്ങിയ ടെക് ഭീമന്മാർക്കും തിരിച്ചറിയാത്ത വ്യക്തികൾക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ മുംബൈ ഹൈക്കോടതി ഗഡ്കരിക്ക് അനുമതി നൽകി.
എഥനോൾ മിശ്രിത നയരൂപീകരണത്തിലും നടപ്പാക്കലിലും തനിക്കോ കുടുംബത്തിനോ യാതൊരു പങ്കുമില്ലെന്ന് ഹർജിയിൽ ഗഡ്കരി വ്യക്തമാക്കുന്നു. എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം (EBP), ഇ-20 നയം എന്നിവയുടെ മേൽനോട്ടവും നടത്തിപ്പും പൂർണമായും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലാണ്. താൻ 2014 മുതൽ ഗതാഗത മന്ത്രാലയത്തിന്റെ ചുമതല മാത്രമാണ് വഹിക്കുന്നത്.
വ്യാജ പ്രചാരണങ്ങളിലൂടെ തന്റെ വ്യക്തിത്വത്തെയും വ്യക്തിഗത പ്രതിച്ഛായയെയും ബോധപൂർവം അപകീർത്തിപ്പെടുത്താൻ എഐ (AI) ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകളും സന്ദേശങ്ങളും നിർമ്മിച്ച് പ്രചരിപ്പിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

