കൊച്ചി: പ്രമുഖ സംവിധായകനും ബിഗ് ബോസ് മുൻ വിജയിയുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് ഒരുമിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും വ്യക്തമാക്കിയാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ കടുത്ത ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് തന്റെ ഫോൺ കോളുകൾ പോലും സ്വീകരിക്കുന്നില്ലെന്ന് അഖിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് ഉറപ്പുനൽകിയാണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും എന്നാൽ പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാബു എം. ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ട്വന്റി 20 പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനുമായി സാബു നടത്തിയ വാട്സാപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ കൈവശമുണ്ടെന്ന് അഖിൽ വ്യക്തമാക്കി. “കൊട്ടാരക്കരയിൽ രശ്മിയെ സ്ഥാനാർഥിയാക്കിയത് എനിക്ക് സീറ്റ് വാഗ്ദാനം ചെയ്ത ശേഷമാണ്. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മറന്നുപോയി എന്നാണ് മറുപടി ലഭിച്ചത്.
പിന്നീട് തൃപ്പൂണിത്തുറ സീറ്റ് എനിക്ക് നൽകണമെന്ന് ബിജെപിയും ആർഎസ്എസും നിർദേശിച്ചിരുന്നെങ്കിലും സാബു എനിക്ക് തന്നത് തൃക്കാക്കര സീറ്റാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഡൽഹിയിൽ നിന്ന് വന്ന പട്ടിക ഇതാണെന്നാണ് വിശദീകരിച്ചത്,” അഖിൽ മാരാർ വെളിപ്പെടുത്തി.
തൃക്കാക്കരയിൽ പാർട്ടി സംവിധാനമുണ്ടെന്ന് പറഞ്ഞെങ്കിലും പ്രചാരണത്തിനെത്തിയപ്പോൾ കൂടെ രണ്ടുപേർ മാത്രമാണുണ്ടായിരുന്നത്. സാബുവിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഭൂരിഭാഗം പ്രവർത്തകരും പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നും അഖിൽ ആരോപിച്ചു.
സ്വന്തം ബൈക്ക് വിറ്റ പണം ഉപയോഗിച്ചാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അഖിൽ മാരാർ പറഞ്ഞു. “20 ലക്ഷം രൂപ കൊടുത്ത് ആഗ്രഹിച്ച് വാങ്ങിയ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പ് ചെലവുകൾ കണ്ടെത്തിയത്.
തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടര മാസമായിട്ടും യാതൊരു മറുപടിയുമില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ പാർട്ടി തയ്യാറാകുന്നില്ല. തൃക്കാക്കര മണ്ഡലത്തിൽ സാബു ജേക്കബ് തിരിഞ്ഞുനോക്കിയിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയിൽ നിന്ന് മറ്റ് നേതാക്കൾക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അഖിൽ കൂട്ടിച്ചേർത്തു. അഞ്ജലിക്കും ഏറ്റുമാനൂരിൽ ആര്യയ്ക്കും സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നൽകിയ ഫണ്ട് പോലും പാർട്ടി ശരിയായി ഉപയോഗിച്ചില്ലെന്നും അഖിൽ മാരാർ ആരോപിച്ചു.

