ആലുവ: എറണാകുളം ആലുവയിൽ 12 വയസ്സുകാരിയായ പെൺകുട്ടിയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല.
അതേസമയം പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിർണായക വിവരങ്ങളൊന്നും പോലീസ് പങ്കുവെക്കുന്നില്ലെന്നും ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ കൂട്ടുകാരിയുടെ പക്കൽ നിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാകുമ്പോൾ അമ്മയുടെ ഫോൺ കുട്ടിയുടെ പക്കലുണ്ടായിരുന്നു. ആദ്യം സ്വിച്ച് ഓഫ് ആയിരുന്ന ഫോൺ പിന്നീട് ഇടയ്ക്കിടെ ഓണായതായി പോലീസ് കണ്ടെത്തി.
ഇടയ്ക്കിടെ ഫോൺ സ്വിച്ച് ഓഫാകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. കുട്ടി പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.
കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആലുവ വെസ്റ്റ് പോലീസ് അറിയിച്ചു. നിലവിൽ കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഒന്നിലേറെ പ്രത്യേക അന്വേഷണ സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും, ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് സംശയാസ്പദമായ വിവരങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

