മഴക്കെടുതി: ക്യാമ്പുകളിൽ അയ്യായിരത്തിലധികം പേർ

2 August 2026
മഴക്കെടുതി: ക്യാമ്പുകളിൽ അയ്യായിരത്തിലധികം പേർ

തിരുവനന്തപുരം: മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും സംബന്ധിച്ച് റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ എന്നിവരുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെള്ളക്കെട്ട് ഇറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ-ശുചീകരണ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സർക്കാരിന്റെ പൂർണ പിന്തുണ ഇതിനുണ്ടാകും.

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ 8 മരണങ്ങൾ സ്ഥിരീകരിച്ചു.8 പേരെ കാണാതായിട്ടുണ്ട്; 13 പേർക്ക് പരുക്കേറ്റു.സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകൾ തുറന്നു. 5,792 പേരെ ഇവിടേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.27 വീടുകൾ പൂർണമായും 196 വീടുകൾ ഭാഗികമായും തകർന്നു.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും, വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ അടിയന്തര സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മഴയുടെ അളവിൽ കുറവുണ്ടെങ്കിലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരണം. ഏതു അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഏത് ആവശ്യത്തിനും പ്രാദേശിക ഭരണകൂടവുമായും സർക്കാർ സംവിധാനങ്ങളുമായും ബന്ധപ്പെടാം.