‘സിസ്റ്റം മാറിയേ തീരൂ’: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി

2 September 2026
‘സിസ്റ്റം മാറിയേ തീരൂ’: മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി

കൊച്ചി: ന്യായാധിപന്മാർ നേരിട്ട് സന്ദർശിച്ച് അവസ്ഥ മനസ്സിലാക്കി നിർദേശങ്ങൾ നൽകിയിട്ടും സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പരിതാപകരമായ അവസ്ഥയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സിസ്റ്റം മാറിയേ തീരൂ എന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവൻ നേരിട്ട് വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നൽകി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന രഹസ്യസ്വഭാവം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി ഇവ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുമെന്നും കോടതി.

കഴിഞ്ഞദിവസങ്ങളിൽ ഈ കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ കണ്ടെത്തിയ അവസ്ഥകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗികൾക്ക് സമയത്തിന് ഭക്ഷണമെത്തിക്കാനുള്ള വാഹനം സജ്ജമാക്കണമെന്ന ചെറിയ നിർദേശം പോലും പാലിക്കപ്പെട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ന്യായാധിപന്മാരടക്കമുള്ള വി.ഐ.പി.കൾക്ക് പുതിയ കാറുകൾ വാങ്ങി നൽകാൻ സർക്കാരിന് മിനിറ്റുകൾ മാത്രം മതി. സന്ദർശനത്തിന് ശേഷം കാര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തള്ളി. വീഴ്ചകൾ പരിഹരിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കർശന നിലപാടിലേക്ക് കടക്കുമെന്നും കോടതി വ്യക്തമാക്കി.