തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം തൽക്കാലം ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. സണ്ണി ജോസഫ് തന്നെ അധ്യക്ഷ പദവിയിൽ തുടരുമെന്നാണ് വിവരങ്ങൾ. കെപിസിസി പുനഃസംഘടന ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് പാർട്ടി ഹൈക്കമാൻഡ്.
സംഘടന കൂടുതൽ സജീവമാക്കാൻ സണ്ണി ജോസഫിനും വർക്കിംഗ് പ്രസിഡന്റുമാർക്കും ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് സ്ഥാനങ്ങൾ ഒരേസമയം വഹിക്കുന്നതിലെ പരിമിതി സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചെങ്കിലും തൽക്കാലം പുതിയ പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു.
അതേസമയം, നേതൃമാറ്റം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കേരളത്തിൽ നിലവിൽ സംഘടനാ പ്രവർത്തനം പൂർണ്ണമായും നിർജീവമായ അവസ്ഥയിലാണെന്നും 14 ജില്ലകളിലും ആവശ്യമായ സംഘടനാ പ്രവർത്തനങ്ങൾ നടക്കുന്നില്ല. മന്ത്രിസ്ഥാനവും പ്രസിഡന്റ് പദവിയും ഒരേസമയം കൊണ്ടുപോകാൻ സണ്ണി ജോസഫിന് സാധിക്കില്ലെന്നും കെപിസിസിയിൽ ഉടനടി നേതൃമാറ്റം ആവശ്യമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു
പുതിയ പ്രസിഡന്റാവുമെന്ന് സ്വയം പ്രചരിപ്പിച്ചു നടക്കുന്നവർ വെറും പിആർ വർക്കാണ് ചെയ്യുന്നത്. “തന്റെ തല തന്റെ മുഖം” എന്ന സിനിമ ഡയലോഗ് പോലെയാണ് ഇവരുടെ നിലപാടെന്നും അദ്ദേഹം വിമർശിച്ചു.

