കാലിഫോർണിയ: യു.എസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ക്രൂരമായി കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ അനില എന്ന മലയാളി യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട രണ്ടുപേരുടെയും കസ്റ്റഡിയിലുള്ള അനിലയുടെയും കുടുംബങ്ങൾ ഒരേ ഫ്ലാറ്റിലാണ് താമസിച്ച് വന്നിരുന്നത്. ഫ്ലാറ്റിലെ മുറിയിൽ വെച്ച് ആനിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം. അഞ്ജനയെ ഇടിച്ച ശേഷം വാഹനം നിർത്താതെ ഓടിച്ചുപോയി. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ആനിന്റെ ഭർത്താവ് ഫ്ലാറ്റിൽ എത്തിയപ്പോഴാണ് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജോലിയുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ ആനും അനിലയും തമ്മിൽ നിലനിന്നിരുന്നതായി കുടുംബസുഹൃത്തുക്കൾ വ്യക്തമാക്കുന്നു. എന്നാൽ അഞ്ജനയുടെ കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അമേരിക്കൻ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശനിയാഴ്ചയോടെയാണ് നാട്ടിലുള്ള ബന്ധുക്കൾ വിവരമറിയുന്നത്.
കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആൻ മേരി മാത്യു. എഞ്ചിനീയറായ ആൻ കഴിഞ്ഞ 10 വർഷമായി യു.എസിലാണ് താമസം.
വിലങ്ങൂർ സ്വദേശി വിജീഷിന്റെ ഭാര്യയാണ് അഞ്ജന. കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്ന അഞ്ജനയ്ക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട്. കഴിഞ്ഞ 8 വർഷമായി യു.എസിലാണ് ഇവർ താമസിക്കുന്നത്.

