പശ്ചിമേഷ്യയിൽ സമാധാനം വേണം; ചർച്ചയ്ക്ക് ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് ഇറാൻ

31 August 2026
പശ്ചിമേഷ്യയിൽ സമാധാനം വേണം; ചർച്ചയ്ക്ക് ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് ഇറാൻ

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ആവശ്യപ്പെട്ടു. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (SCO) അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡന്റ് ഈ അഭ്യർത്ഥന നടത്തിയത്.

സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഇസ്രായേലുമായി ഇന്ത്യയ്ക്കുള്ള നല്ല നയതന്ത്രബന്ധം സമാധാന ചർച്ചകൾക്ക് വിനിയോഗിക്കണമെന്ന് പെസഷ്കിയൻ ചൂണ്ടിക്കാട്ടി.

മേഖലയിലെ സംഘർഷത്തിൽ മോദി ആശങ്ക പ്രകടിപ്പിക്കുകയും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചരക്കുകപ്പലുകൾക്കും സാധാരണക്കാർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് ഇന്ത്യ പിന്തുണ അറിയിച്ചു.

ചാബഹാർ തുറമുഖ വികസനവും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചയായി.

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി ഉറപ്പുനൽകി.