മയാമി: ലോകകപ്പ് മത്സരങ്ങൾക്കിടെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന പോലീസ് റിപ്പോർട്ട് പുറത്ത്.
സ്പാനിഷ് പത്രമായ ‘ഇൻഫോർമാസിയോൺ’ ആണ് സുരക്ഷാ ഭീഷണികൾ വെളിപ്പെടുത്തുന്ന പോലീസ് രേഖകളിലെ വിവരങ്ങൾ പുറത്തുവിട്ടത്. മെസ്സിക്ക് പുറമേ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെയും സമാനമായ നീക്കങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ ലക്ഷ്യമിട്ട് ചാവേറാക്രമണം നടത്താനായിരുന്നു പ്രധാന നീക്കം. കളിക്കാർക്കെതിരായ ബോംബ് ഭീഷണികൾ, റഫറിമാർക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
“അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ ഞാൻ നടക്കാൻ പോകുകയാണ്. ശരീരത്തിൽ കെട്ടിവെച്ച നാല് ബോംബുകൾ ഉപയോഗിച്ച് ഞാൻ മെസ്സിയെ വധിക്കും” എന്ന ഭീഷണി സന്ദേശം അടങ്ങിയ പോസ്റ്റ് പോലീസിന് ലഭിച്ചിരുന്നു.
ഡാലസ് വിമാനത്താവളത്തിലേക്ക് വിളിച്ച അജ്ഞാതൻ ബോംബാക്രമണ ഭീഷണി മുഴക്കിയിരുന്നു. താനും മറ്റ് രണ്ടുപേരും തോക്കുകളും ബോംബുകളുമായി സ്റ്റേഡിയത്തിലേക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ടെന്നും, പോലീസുകാരെയും ഫുട്ബോൾ താരങ്ങളെയുമാണ് ലക്ഷ്യമിടുന്നതെന്നും ഫോൺ സംഭാഷണത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

