സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ:  തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി

15 August 2026
സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ:  തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനം സംസ്ഥാനത്തുടനീളം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രധാന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി.

ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനം ചടങ്ങിൽ ഉണ്ടായിരുന്നില്ല. പതാക ഉയർത്തലിന് പിന്നാലെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. തുടർന്ന് വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ എന്നിവരുടെ വർണ്ണാഭമായ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.

സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷപരിപാടികൾ നടക്കുകയാണ്. ജില്ലാതലങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വിവിധ മന്ത്രിമാർ പങ്കെടുത്തു. അതേസമയം സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായിരുന്നില്ല.

പ്രളയത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയമായ പുതിയ സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രഖ്യാപിച്ചു. ദുരന്തങ്ങളിൽ ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കേണ്ടതുണ്ട്. ലഹരി എന്ന വിപത്തിനെ സമൂഹത്തിൽ നിന്ന് പടിയിറക്കുന്നത് സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള പ്രധാന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.