തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുകളേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നേരിട്ടുള്ള സമ്പൂർണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റ് 18 ചൊവ്വാഴ്ച തുടക്കമാകുന്നു. ട്രാൻസ്ഷിപ്പ്മെന്റ് (ചരക്കുകൾ ഒരു കപ്പലിൽ നിന്ന് മറ്റൊരു കപ്പലിലേക്ക് മാറ്റൽ) പ്രവർത്തനങ്ങൾ മാത്രം നടന്നിരുന്ന തുറമുഖത്ത് ഇനി മുതൽ നേരിട്ടുള്ള വ്യാപാര ഇടപാടുകൾ സാധ്യമാകും.
ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലപാത മന്ത്രി സർബാനന്ദ സോണോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
തുറമുഖ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിന്റെ സമഗ്ര വ്യവസായ-ലോജിസ്റ്റിക് വികസനം ലക്ഷ്യമിട്ടുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇതേ വേദിയിൽ തുടക്കമാകും. 400 കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കുന്ന ഈ ബൃഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് സർക്കാരിന്റെ ലക്ഷ്യം.
കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശത്തെ ബന്ധിപ്പിച്ച് എട്ട് വ്യാവസായിക ക്ലസ്റ്ററുകളും, മൂന്ന് പുതിയ നഗരങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുക്കും. തുറമുഖത്തിന്റെ സമ്പൂർണ സജ്ജീകരണത്തോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

