തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ നടപടി പ്രാകൃതമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച തെറ്റുകാർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും ഒരു കാരണവശാലും ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശവമഞ്ചം ചുമന്നുകൊണ്ടുപോയി അവരെ അപമാനിക്കാനും ആക്ഷേപിക്കാനും നടത്തുന്ന ഇത്തരം സമരമുറകളെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ജീവിച്ചിരിക്കുന്ന വൈസ് ചാൻസലറുടെ പേരിൽ ശവമഞ്ചമൊരുക്കുന്നത് ഏത് തരത്തിലുള്ള പ്രാകൃതമായ സമര ആഭാസമാണെന്ന് ചോദിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ ഒരു സംശയവുമില്ലാതെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

