തിരുവനന്തപുരം: ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നിരിക്കുകയാണെന്ന് വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ആഭ്യന്തര കയറ്റിറക്കുമതി (എക്സിം കാർഗോ) ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടും, സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ പ്രഖ്യാപനം നടത്തിക്കൊണ്ടും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ലോകത്തിന്റെ ഏത് തുറമുഖത്തേക്കും ഇനി വിഴിഞ്ഞത്ത് നിന്ന് എന്ത് സാധനങ്ങളും കയറ്റി അയക്കാമെന്നും രാജ്യത്തെ ഒരു തുറമുഖത്തും ഇല്ലാത്ത ഓട്ടോമേറ്റഡ് സംവിധാനങ്ങളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതികൾ ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരത്തിനും കേരളത്തിനും ഒരുപോലെ അഭിമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് എം.എസ്.സി (MSC) കയറ്റുമതി ചെയ്യുന്ന രണ്ട് കണ്ടെയ്നറുകളാണ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. നിലമേൽ എക്സ്പോർട്ടേഴ്സിന്റെ ഭക്ഷ്യവസ്തുക്കൾ സ്പെയിനിലേക്കും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഉൽപ്പന്നം ഇസ്താംബുള്ളിലേക്കുമാണ് അയക്കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്തതിൽ അതൃപ്തി പ്രകടമാക്കി ബി.ജെ.പി ചടങ്ങ് ബഹിഷ്കരിച്ചു. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും ബി.ജെ.പി എം.എൽ.എമാരും തിരുവനന്തപുരം മേയറും ചടങ്ങിൽ പങ്കെടുത്തില്ല.

