മാസ്റ്റർ മൈൻഡ് 13-കാരി, വഴിതിരിച്ചുവിടാൻ നാടകങ്ങൾ; പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് പോലീസ്

19 August 2026
മാസ്റ്റർ മൈൻഡ് 13-കാരി, വഴിതിരിച്ചുവിടാൻ നാടകങ്ങൾ; പ്രതികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് പോലീസ്

ആലപ്പുഴ: കരുവാറ്റയിൽ 67 വയസ്സുകാരനെ വീടിനുള്ളിൽ കയറി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കടുത്ത നിയമനടപടികളുമായി പോലീസ് മുന്നോട്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 18 വയസ്സിന് താഴെയുള്ള മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് നാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് ഒരു തരത്തിലുള്ള നിയമപരമായ ഇളവുകളും നൽകരുതെന്ന ഉറച്ച തീരുമാനത്തിലാണ് അന്വേഷണ സംഘം.

കൊല്ലത്തുനിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ സംഘം വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയാണ് ഈ ദാരുണമായ കൊലപാതകം നടത്തിയത്. വയോധികനെ കത്തിയുപയോഗിച്ച് ദേഹമാസകലം മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ ബന്ധിക്കുകയും കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.

13 വയസ്സുകാരിയായ പെൺകുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വീട്ടിൽ വയോധികൻ ഒറ്റയ്ക്കാണ് എന്ന വിവരവും സ്വർണ്ണം സൂക്ഷിച്ച സ്ഥലവും മറ്റ് പ്രതികൾക്ക് ചോർത്തി നൽകിയത് ഈ പെൺകുട്ടിയായിരുന്നു.

കൊലപാതകത്തിന് ശേഷം പോലീസിനെയും അയൽക്കാരെയും വഴിതിരിച്ചുവിടാൻ പെൺകുട്ടി നടത്തിയത് ഞെട്ടിക്കുന്ന നാടകങ്ങളായിരുന്നു. ശനിയാഴ്ച രാത്രി കൊലപാതകം നടന്നതിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി അപ്പൂപ്പനെ കാണാനില്ലെന്ന് അയൽക്കാരോട് പറയുകയും, നാട്ടുകാരെയും കൂട്ടി വീടിനകത്ത് കയറി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുന്നതായി അഭിനയിക്കുകയുമായിരുന്നു.

നിലവിൽ നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർക്കും പ്രായത്തിന്റെ പേരിൽ യാതൊരു ഇളവും ലഭിക്കരുതെന്നാണ് പോലീസിന്റെ ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കുന്ന റിപ്പോർട്ട് അംഗീകരിക്കപ്പെട്ടാൽ സാധാരണ ക്രിമിനൽ കേസുകളിലെ പ്രതികളെപ്പോലെ ഇവർക്ക് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.