തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ടി. വീണയ്ക്കെതിരായ അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശക്തമാക്കുന്നു. വീണ ഉപയോഗിച്ചതായി കണ്ടെത്തിയ വ്യാജ സിം കാർഡിനെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
കോഴിക്കോട് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറായ നന്ദുലാൽ എന്ന വ്യക്തിയുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്ന് ഇഡി കണ്ടെത്തി. 2024 മുതൽ വീണ ഈ സിം കാർഡ് ഉപയോഗിച്ചു വരികയായിരുന്നു. വീണയും പി.എ. മുഹമ്മദ് റിയാസും ആവശ്യപ്പെട്ടതനുസരിച്ചാണ് സിം എടുത്തു നൽകിയതെന്ന് നന്ദുലാൽ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ഇത് ഏത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് തനിക്കറിയില്ലെന്നും മൊഴിയിലുണ്ട്.
ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ ചെയ്യാനാണ് ഈ സിം ഉപയോഗിച്ചതെന്ന് ഇഡി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകളുമായി (ഹവാല) ബന്ധപ്പെട്ട ആശയവിനിമയങ്ങൾക്കാണ് ഇത്തരം കോളുകൾ നടത്തിയതെന്നാണ് ഏജൻസിയുടെ സംശയം.

