ലൈഫ് ഭവനപദ്ധതി തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന വി.ഇ.ഒ. അറസ്റ്റിൽ; അരക്കോടിയോളം രൂപ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി

3 September 2026
ലൈഫ് ഭവനപദ്ധതി തട്ടിപ്പ്: ഒളിവിൽ കഴിഞ്ഞിരുന്ന വി.ഇ.ഒ. അറസ്റ്റിൽ; അരക്കോടിയോളം രൂപ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി

സീതത്തോട് (പത്തനംതിട്ട): സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തി 51 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ.) പിടിയിലായി. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ. റാണി ലക്ഷ്മി (40) യെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയിരുന്ന ഇവർ വീട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സീതത്തോട് ഗ്രാമപ്പഞ്ചായത്തിൽ ഗുണഭോക്തൃവിഹിതത്തിൽനിന്ന് 51,23,000 രൂപ വി.ഇ.ഒ. തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി ചിറ്റാർ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലവിൽ റാണി ലക്ഷ്മി ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടതിനെ തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പോലീസിൽ പരാതി നൽകി.

സർക്കാരിൽനിന്ന് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട തുക സ്വന്തം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. അർഹരായവരുടെ പട്ടികയിൽ ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരുകൾ വ്യാജമായി ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിയെടുത്ത പണം വകമാറ്റിയത്.

2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിലാണ് തണ്ണിത്തോട്ടേക്ക് സ്ഥലംമാറി എത്തിയത്. ഇവിടെ നടത്തിയ തിരിമറിയാണ് ഒടുവിൽ പിടിവീഴാൻ കാരണമായത്. സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഇവർ മുൻപ് ജോലി ചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.