മുംബൈ: ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് എൻ. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചപ്പോൾ, നോയൽ ടാറ്റ നിർദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. കമ്പനിയുടെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് ബോർഡിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ നിർണായക നീക്കം. വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.
നേരത്തെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി എന്നിവ ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു. എന്നാൽ, 2026 ഫെബ്രുവരി 24-ന് നടന്ന ബോർഡ് യോഗത്തിൽ നോയൽ ടാറ്റയുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പ്രമേയം നടപ്പിലായിരുന്നില്ല.
തനിക്ക് ബോർഡിൽ പൂർണ്ണ പിന്തുണയില്ലാത്ത സാഹചര്യത്തിൽ പുനർനിയമനത്തിനില്ലെന്നും, സുഗമമായ അധികാര കൈമാറ്റത്തിനായി പിൻഗാമിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 2026 ഓഗസ്റ്റിൽ ചന്ദ്രശേഖരൻ ബോർഡിന് കത്ത് നൽകിയിരുന്നു. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് പൂർത്തിയാകുമ്പോൾ പദവിയിൽനിന്ന് പടിയിറങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാൽ, മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് എൻ. ചന്ദ്രശേഖരന് കാലാവധി നീട്ടിനൽകാൻ ബോർഡ് യോഗം ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.

