ന്യൂഡൽഹി: രാജ്യത്തെ ടെലികോം വിപണിയിൽ വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും നിരക്കുവർധനയ്ക്ക് സാധ്യത തെളിയുന്നു. മുൻനിര സേവനദാതാക്കളായ ഭാരതി എയർടെൽ എൻട്രി ലെവൽ പ്ലാനുകൾ പിൻവലിച്ചതും, റിലയൻസ് ജിയോ ‘ജിയോ പ്രൈം’ പദ്ധതി തിരിച്ചുകൊണ്ടുവന്നതുമാണ് വിപണിയിൽ നിരക്കുവർധന ചർച്ചകൾക്ക് വഴിതുറന്നത്.
28 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള തിരഞ്ഞെടുക്കപ്പെട്ട ചില ജനപ്രിയ പ്രീപെയ്ഡ് ഡേറ്റാ പ്ലാനുകൾ കഴിഞ്ഞയാഴ്ച എയർടെൽ നീക്കം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജിയോ 300 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാൻ വീണ്ടും അവതരിപ്പിച്ചത്. 2027 സെപ്റ്റംബർ വരെ വാലിഡിറ്റിയുള്ള ഈ പ്ലാൻ അവതരിപ്പിച്ചത് വരുംമാസങ്ങളിൽ തന്നെ ടെലികോം നിരക്കുകൾ ഉയർന്നേക്കുമെന്നതിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത ആറുമാസത്തിനുള്ളിൽ ടെലികോം കമ്പനികൾ നിരക്കുകളിൽ പരിഷ്കരണം വരുത്തിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് വ്യക്തമാക്കുന്നു. എൻട്രി ലെവൽ സ്മാർട്ഫോൺ പ്ലാനുകളിൽ കുറഞ്ഞത് 50 രൂപയുടെയെങ്കിലും വർധന പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടൽ

