ന്യൂഡൽഹി: ഇന്ത്യയിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റാ പ്രൊട്ടക്ഷൻ (DPDP) നിയമം പാലിക്കുന്നതിന്റെ ഭാഗമായി, ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള പുതിയ ഫീച്ചറുകൾ വാട്‌സാപ്പ് പരീക്ഷിച്ചു തുടങ്ങി. നിലവിൽ പ്രായം രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്നും നൽകുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും വാട്‌സാപ്പ് വ്യക്തമാക്കുന്നു.
പുതിയ നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ അനുമതി നിർബന്ധമാണ്.കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നൽകൽ, അവരെ ട്രാക്ക് ചെയ്യൽ, ഡേറ്റ ദുരുപയോഗം ചെയ്യൽ എന്നിവ കർശനമായി വിലക്കിയിരിക്കുന്നു.
നിയമം പൂർണമായി നടപ്പാകുന്നതിന് മുന്നോടിയായി സിസ്റ്റം സജ്ജമാക്കുന്നതിനാണ് വാട്‌സാപ്പ് ഉപയോക്താക്കൾക്ക് പ്രായം രേഖപ്പെടുത്താനുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ നൽകാൻ തുടങ്ങിയത്.
ഫോൺ നമ്പർ പങ്കിടാതെ ആളുകളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ അവതരിപ്പിക്കാൻ വാട്‌സാപ്പ് മുൻപ് പദ്ധതിയിട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ഫീച്ചർ തത്കാലം നടപ്പിലാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

