സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

22 September 2026
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതിനാൽ വരുന്ന മൂന്ന് ദിവസം സംസ്ഥാനത്തുടനീളം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ഒരു തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിച്ച് ‘അതിതീവ്ര ന്യൂനമർദ്ദമായി’ മാറാ൯ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.