മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടും സംസാരവും; ട്രെയിനിൽ പണികിട്ടും, 1,000 രൂപ പിഴയും തടവും

19 October 2026
മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടും സംസാരവും; ട്രെയിനിൽ പണികിട്ടും, 1,000 രൂപ പിഴയും തടവും

തിരുവനന്തപുരം: പൊതുഇടങ്ങളിലും ട്രെയിൻ യാത്രകളിലും മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും മൂലം യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് പരിഹാരവുമായി സതേൺ റെയിൽവേ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനി മുതൽ പിഴ ഈടാക്കാനാണ് സതേൺ റെയിൽവേയുടെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി.

പുതിയ ഉത്തരവ് പ്രകാരം ഇത്തരം പെരുമാറ്റങ്ങൾക്ക് 1,000 രൂപ പിഴ ഈടാക്കും. ഒപ്പം ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് കുറ്റക്കാരായവരെ പുറത്താക്കുകയും ചെയ്യും. ഈ കുറ്റം ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

സതേൺ റെയിൽവേയിൽ നടപ്പിലാക്കിയ ഈ ഉത്തരവ് വൈകാതെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. യാത്രക്കാരുടെ സമാധാനപരമായ യാത്രാവകാശത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ മറ്റ് റെയിൽവേ സോണുകൾക്കും മെട്രോ സർവീസുകൾക്കും ഈ വ്യവസ്ഥ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിലുള്ള നിയമപ്രകാരം മെട്രോ റെയിലുകളിലും ഇത്തരം ശല്യങ്ങൾ ഉണ്ടാക്കുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റക്കാരായവരെ കോച്ചുകളിൽ നിന്ന് പുറത്താക്കാൻ മെട്രോ അധികൃതർക്കും സാധിക്കും.