പത്തനംതിട്ട: ശബരിമലയിൽ സ്വർണക്കിരീടവും കാണാതായതായി സൂചന. 2012-ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 55.72 പവൻ തൂക്കം വരുന്ന സ്വർണക്കിരീടമാണ് കാണാതായിരിക്കുന്നത്.
ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രജിസ്റ്ററിൽ ഈ സ്വർണക്കിരീടത്തെക്കുറിച്ചുള്ള കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിൽ ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നടത്തുന്ന വിശാലമായ കണക്കെടുപ്പിനിടയിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. ഇത് സംബന്ധിച്ച അന്തിമ പരിശോധനാ റിപ്പോർട്ട് അമിക്കസ് ക്യൂറി ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും.
നിയമപ്രകാരം ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും അവിടുത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ കൂടുതൽ സുരക്ഷിതമായ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. എന്നാൽ ഭക്തർ സമർപ്പിച്ച യഥാർത്ഥ സ്വർണ്ണകിരീടം ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ എത്തിയിട്ടില്ലെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.

