25 ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്: ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു

26 September 2026
25 ലക്ഷത്തിന്റെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്: ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചു. നാലു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറും മുൻ സംസ്ഥാന ഇൻഷുറൻസ് ഓംബുഡ്‌സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) മുൻ അംഗം പി.ജെ. ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനി മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. സനത് കുമാർ എന്നിവരാണ് സമിതിയിലെ പ്രധാന വിദഗ്ധ അംഗങ്ങൾ. ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാരും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) എക്സിക്യൂട്ടീവ് ഡയറക്ടറും സമിതിയുടെ ഭാഗമാകും.

വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിര ഗ്യാരണ്ടി’യുടെ ഭാഗമായാണ് ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്.