മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

26 September 2026
മദ്യപാനത്തിനിടെ തർക്കം: യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ചുങ്കം സ്വദേശി ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്റണിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിയുമായ അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ആന്റണി കല്ലെടുത്ത് അഫ്‌സലിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്‌സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെയോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണമാകാൻ തക്ക ഗുരുതരമായ മുറിവായിരുന്നില്ലെന്നും, കുത്തേറ്റ ശേഷം മണിക്കൂറുകളോളം രക്തം വാർന്നുപോയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.