ബസ് അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

19 September 2026
ബസ് അപകടത്തിൽ അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

ആലപ്പുഴ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴേക്ക് തളർന്ന വിദ്യാർത്ഥിനിക്ക് 2 കോടി 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദയ്ക്കാണ് (24) ആലപ്പുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) അനുകൂല വിധി പ്രസ്താവിച്ചത്. നഷ്ടപരിഹാരത്തുക തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നൽകണം.

2023 നവംബർ 11-നായിരുന്നു കേസിനാസ്പദമായ ദുരന്തം നടന്നത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (VIT) എം.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായിരുന്ന ഗൗരിനന്ദ, പഠനാവശ്യാർത്ഥം ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യവേ തമിഴ്നാട് വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപ്പെടുന്നത്.

എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ടെത്തിയ തമിഴ്നാട് കോർപ്പറേഷന്റെ ബസ് ഡിവൈഡർ മറികടന്ന് ഗൗരിനന്ദ സഞ്ചരിച്ചിരുന്ന ബസിലേക്ക് ശക്തിയായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മറിയുകയും രണ്ടു വാഹനങ്ങളിലുമായി 4 പേർ മരണപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്ന് ചലനശേഷിmact നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആലപ്പുഴ എം.എ.സി ട്രിബ്യൂണലിനെ സമീപിച്ചതും ചരിത്രപരമായ ഈ വിധി ഉണ്ടായതും.