കനത്ത മഴ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

6 August 2026
കനത്ത മഴ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 7 വെള്ളിയാഴ്ച വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും ഓഗസ്റ്റ് 7 വെള്ളിയാഴ്ച്ച അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി. ജില്ലയിൽ അതിശക്തമായ മഴയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണിത്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ട

അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും ഓഗസ്റ്റ് 7 പത്തനംതിട്ട ജില്ലാ കളക്ടർ എ നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് റെഡ് അലർട്ടും ഓഗസ്റ്റ് 7, വെള്ളി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതിനാലും മഴ അതിശക്തമായി തുടരുന്നതിനാലും വിവിധ പ്രദേശങ്ങൾ പ്രളയ ബാധിതമായതിനാലുമാണിത്.

കോട്ടയം

കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 6 റെഡ് അലെർട്ടും ഓഗസ്റ്റ് 7 ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

വയനാട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍, മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ലെന്നും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

കാസറഗോഡ്

കാസറഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മുൻകരുതൽ നടപടിയായാണ് ഇത്.

കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

തൃശ്ശൂർ

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 30(2)(xxix) പ്രകാരമാണ് നടപടി. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന സമയം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.