തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും ഗ്രിഡ് ഫ്രീക്വൻസി താഴുന്നതുമാണ് കാരണം. ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം.
അതേസമയം, പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി.
എൽനിനോ മൂലം മഴ കുറഞ്ഞതും താപനില ഉയർന്നതും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിന ഡിമാൻഡിൽ 1200 മെഗാവാട്ടോളം വർദ്ധനവുണ്ട്.
ഇന്ന് 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടാകാനാണ് സാധ്യത. മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ലെങ്കിലും, ഹരിയാനയിൽ നിന്ന് 50 മെഗാവാട്ട് അധികമായി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

