കൊച്ചി: റോഡിലൂടെ നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂർ സ്വദേശിയായ അഭിഭാഷകൻ പൊലീസിന്റെ പിടിയിലായി. തൃശൂർ രാമവർമപുരം സ്വദേശി ആസാദ് സുനിലിനെ (28) ആണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബർ 30-ന് രാത്രി ഒമ്പതരയോടെ മാമംഗലം റോഡിൽ വച്ചായിരുന്നു സംഭവം. വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ ആസാദ് സുനിൽ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവം മൂലമുണ്ടായ കടുത്ത മാനസികാഘാതത്തിൽ നിന്ന് മുക്തയായ ശേഷം വെള്ളിയാഴ്ചയാണ് യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
യുവതി പരാതി നൽകിയതും പൊലീസ് അന്വേഷണം ആരംഭിച്ചതും അറിയാതിരുന്ന പ്രതിയെ തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

