കൊച്ചി: കളമശ്ശേരിയിൽ യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികളെക്കുറിച്ചും പീഡനത്തിന്റെ ഭീകരതയെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു.
‘അമ്മു’ എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യ അടക്കമുള്ള പ്രതികൾ തന്നോട് കാണിച്ചത് അതിക്രൂരമായ ലൈംഗിക അക്രമമാണെന്ന് യുവതി പോലീസിന് മൊഴി നൽകി. കൂട്ടത്തിൽ ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് താൻ അവിടെയെത്തിയതെന്നും എന്നാൽ ശരണ്യയാണ് തന്നോട് ഏറ്റവും ദയയില്ലാത്ത രീതിയിൽ പെരുമാറിയതെന്നും അതിജീവിത വെളിപ്പെടുത്തി. ക്രൂരമായ ശാരീരിക-മാനസിക ആഘാതങ്ങളെ തുടർന്ന് യുവതി നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സ്പായിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്. തുടർന്ന് ഐസ്ക്രീമിലും മദ്യത്തിലും രാസലഹരി കലർത്തി നൽകിയ ശേഷം ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒന്നാം പ്രതി കുനംതൈയിൽ സ്പാ നടത്തുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), മൂന്നാം പ്രതി കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതിജീവിതയുടെ ഭർത്താവ് നൽകിയ വിവരങ്ങളും മുൻനിർത്തി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ആറുമാസം മുൻപ് കളമശ്ശേരിയിലെ സ്പായിലെത്തിയ ശരണ്യയും സഞ്ജുവും തമ്മിലുള്ള സാമ്പത്തിക-ബിസിനസ് ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാസലഹരി ഉപയോഗിച്ച് നടന്ന ക്രൂരകൃത്യമായതിനാൽ, ലഹരിമരുന്ന് എത്തിച്ചുനൽകിയ ഉറവിടം, പ്രതികൾക്ക് സെക്സ് റാക്കറ്റുകളുമായും ഗുണ്ടാസംഘങ്ങളുമായുമുള്ള ബന്ധം എന്നിവയും അന്വേഷണപരിധിയിലുണ്ട്.

