വാഹന മോഡിഫിക്കേഷൻ: നിയമവിധേയമായ മാറ്റങ്ങൾക്ക് അനുമതിയുമായി മോട്ടോർ വാഹന വകുപ്പ്

8 October 2026
വാഹന മോഡിഫിക്കേഷൻ: നിയമവിധേയമായ മാറ്റങ്ങൾക്ക് അനുമതിയുമായി മോട്ടോർ വാഹന വകുപ്പ്

കേരളത്തിൽ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും വിരാമമിട്ട് മോട്ടോർ വാഹന വകുപ്പ് (MVD) പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ഉത്തരവും പുറപ്പെടുവിച്ചു. വ്യക്തമായ മാനദണ്ഡങ്ങളോടെയും മുൻകൂർ അനുമതിയോടെയും വാഹനങ്ങളിൽ വരുത്താവുന്ന 7 പ്രധാന മാറ്റങ്ങളാണ് ഗതാഗത വകുപ്പ് അംഗീകരിച്ചിരിക്കുന്നത്.

അനുമതിയോടെ വരുത്താവുന്ന പ്രധാന മാറ്റങ്ങൾ:

നിറം മാറ്റൽ (Change of Colour): റജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ വാഹനത്തിന്റെ നിറം മാറ്റാം. എന്നാൽ ഈ മാറ്റം ആർ.സി (Registration Certificate) ബുക്കിൽ രേഖപ്പെടുത്തേണ്ടതുണ്ട്. കൂടാതെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ (CMVR Rule 121) പ്രകാരം നിരോധിച്ചിട്ടുള്ള നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല.

എൻജിൻ മാറ്റിസ്ഥാപിക്കൽ (Replacement of Engine): വാഹനത്തിൽ മുൻപുണ്ടായിരുന്ന അതേ സ്പെസിഫിക്കേഷനിലുള്ളതും (ഒരേ മോഡൽ, കപ്പാസിറ്റി, പവർ) അതേ നിർമ്മാതാക്കളുടെതുമായ പുതിയ എൻജിൻ മാറ്റിവയ്ക്കാം. അല്ലാത്ത രീതിയിലുള്ള എൻജിൻ സ്വാപ്പിങ് (Engine Swapping) അനുവദിക്കില്ല.

ഷാസി ഫ്രെയിം മാറ്റിസ്ഥാപിക്കൽ: നിലവിലുള്ള ഷാസിയുടെ അതേ തരത്തിലുള്ളതും അതേ കമ്പനിയുടേതുമായ പുതിയ ഷാസി മുൻകൂർ അനുമതിയോടെ മാറ്റിവയ്ക്കാവുന്നതാണ്.

ബോഡി ഘടനയിലെ മാറ്റം (Body Structure Modification): സി.എം.വി.ആർ ചട്ടം 112 കർശനമായി പാലിച്ചുകൊണ്ട് ബോഡി ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.

ഇന്ധന മാറ്റം (Fuel Type Conversion): അംഗീകൃത റെട്രോഫിറ്റ്‌മെന്റ് കിറ്റുകൾ (Retrofitment Kits) ഉപയോഗിച്ച് ഇന്ധന സംവിധാനം മാറ്റാം.

പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരണം: കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത നിർദ്ദേശങ്ങൾക്കനുസൃതമായി പ്രൊപ്പൽഷൻ സിസ്റ്റത്തിൽ മാറ്റം വരുത്താൻ അനുമതിയുണ്ട്.

പ്രത്യേക ആവശ്യങ്ങൾക്കുള്ള മാറ്റങ്ങൾ (Adaptive Modifications): ഭിന്നശേഷി സൗഹൃദ വാഹനങ്ങളാക്കി മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രത്യേക ആവശ്യങ്ങൾക്കായി അനുയോജ്യമായ മാറ്റങ്ങൾ വരുത്താം.

നിയമനടപടികളും നിർദ്ദേശങ്ങളും:

മുകളിൽ പരാമർശിച്ച ഏഴ് കാര്യങ്ങൾ ഒഴികെയുള്ള മറ്റെല്ലാ തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കും നിരോധനമുണ്ട്. 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചാണ് മുൻകൂർ അനുമതി വാങ്ങേണ്ടത്. അനുമതി ലഭിച്ച് വരുത്തുന്ന എല്ലാ മാറ്റങ്ങളും റജിസ്റ്ററിങ് അതോറിറ്റി വഴി ആർ.സിയിൽ കൃത്യമായി രേഖപ്പെടുത്തണം.

അനുമതിയില്ലാതെ നടത്തുന്ന നിയമവിരുദ്ധമായ എല്ലാവിധ മാറ്റങ്ങൾക്കെതിരെയും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.