കളമശ്ശേരി കൂട്ടബലാത്സംഗം: കൂടുതൽ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ക്ഷണിച്ചതായി കണ്ടെത്തൽ; പിന്നിൽ വൻ റാക്കറ്റ്

9 October 2026
കളമശ്ശേരി കൂട്ടബലാത്സംഗം: കൂടുതൽ യുവതികളെ ജോലി വാഗ്ദാനം ചെയ്ത് ക്ഷണിച്ചതായി കണ്ടെത്തൽ; പിന്നിൽ വൻ റാക്കറ്റ്

കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ മുഖ്യസൂത്രധാരനായ ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇത്തരത്തിൽ ഇയാൾ വിളിപ്പിച്ച 10 മുതൽ 15 വരെ യുവതികളുടെ പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്.

കേസിൽ കൂടുതൽ യുവതികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ വിപുലമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ശ്രീരാജിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിർണായക ചാറ്റ് വിവരങ്ങൾ പോലീസിന് ലഭിച്ചത്. മോശം ഉദ്ദേശ്യത്തോടുകൂടിയാണ് ഇയാൾ യുവതികളെ അഭിമുഖത്തിനെന്ന പേരിൽ വിളിച്ചുവരുത്തിയിരുന്നത്.

നിലവിൽ അതിക്രമത്തിന് ഇരയായ യുവതിയെയും സമാനമായ രീതിയിലാണ് ഇയാൾ അഭിമുഖത്തിനെന്ന് പറഞ്ഞ് ക്ഷണിക്കുകയും പിന്നീട് വീണ്ടും വിളിച്ചുവരുത്തുകയും ചെയ്തത്. പട്ടികയിലുള്ള 15 യുവതികളെയും പോലീസ് നേരിട്ട് സമീപിച്ച് കാര്യങ്ങൾ അന്വേഷിക്കും. ശ്രീരാജിൽനിന്നോ ഇയാളുടെ സംഘത്തിൽനിന്നോ ലൈംഗിക അതിക്രമമോ മോശം പെരുമാറ്റമോ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ശ്രീരാജിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പോലീസിന്റെ തീരുമാനം.