ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്; നിയമനം നൽകാൻ പിഎസ്‍സി, അരുൺ ജെ പ്രതാപിന്റെ ശുപാർശ റദ്ദാക്കും

10 October 2026
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്; നിയമനം നൽകാൻ പിഎസ്‍സി, അരുൺ ജെ പ്രതാപിന്റെ ശുപാർശ റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആന്റ് ഇൻഫ്രാസ്ട്രക്ചർ പ്ലാൻ കോർഡിനേഷൻ ഡിവിഷൻ തസ്തികയിലേക്കുള്ള പിഎസ്‍സി പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന്, പുനർമൂല്യനിർണയത്തിൽ ഒന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണന് നിയമനം നൽകാൻ പിഎസ്‍സി തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി മുൻ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി ജോലിയിൽ പ്രവേശിച്ച അരുൺ ജെ പ്രതാപിന്റെ നിയമന ശുപാർശ പിഎസ്‍സി റദ്ദാക്കും. പുതുക്കിയ നടപടികൾ സംബന്ധിച്ച വിവരങ്ങൾ പിഎസ്‍സി ഹൈക്കോടതിയെയും ഔദ്യോഗികമായി അറിയിക്കും.

ആസൂത്രണ ബോർഡിലെ ഉയർന്ന ശമ്പളമുള്ള തസ്തികയിലേക്ക് നടത്തിയ പൊതുപരീക്ഷയിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് പിഎസ്‍സി ചുരുക്കപ്പട്ടികയും തുടർന്ന് റാങ്ക് പട്ടികയും തയ്യാറാക്കിയിരുന്നത്. പഴയ പട്ടികയിൽ മൂന്നാം റാങ്കുകാരനായിരുന്ന ശ്യാം കൃഷ്ണൻ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് ഈ ക്രമക്കേട് വെളിച്ചത്തുവന്നത്

പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര പിഴവ് തുടക്കത്തിൽ സമ്മതിക്കാനോ വിവരങ്ങൾ നൽകാനോ പിഎസ്‍സി തയ്യാറായിരുന്നില്ല. എന്നാൽ വിവാദം ശക്തമായതോടെ ഡിജിറ്റൽ മൂല്യനിർണയത്തിലെ സാങ്കേതിക തകരാറാണെന്ന് പിഎസ്‍സി വിശദീകരിക്കുകയും വിഷയത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അന്വേഷണത്തിനൊടുവിൽ തെറ്റ് സമ്മതിച്ച് വീണ്ടും മാർക്കിട്ടതോടെയാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തുവന്നത്.

പുതുക്കിയ റാങ്ക് പട്ടിക പ്രകാരം യഥാർത്ഥ അർഹനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തുകയും, നേരത്തെ ഒന്നാം റാങ്കോടെ നിയമനം നേടി ജോലിയിൽ പ്രവേശിച്ച ഇടത് സംഘടനാ പ്രവർത്തകൻ അരുൺ ജെ പ്രതാപ് അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ശ്യാം കൃഷ്ണന് നിയമനം നൽകുന്നതിനുള്ള നടപടികൾ പിഎസ്‍സി ഉടനടി ആരംഭിക്കും