തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷാ മൂല്യനിർണയത്തിൽ അട്ടിമറി നടന്നെന്ന് വ്യക്തമാക്കി പിഎസ്സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച്. പരീക്ഷയിലെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് കേവലമൊരു ക്ലറിക്കൽ വീഴ്ചയല്ലെന്നും, അത് ബോധപൂർവം ചെയ്തതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി കോടതിയെ സമീപിച്ച നടപടി തികച്ചും ദുരൂഹമാണെന്നും, പിഎസ്സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതിപട്ടികയിലുള്ളവരെ സംരക്ഷിക്കാനാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷയിൽ ആദ്യ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അരുൺ ജെ. പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരങ്ങളാണ് നൽകിയിരുന്നത്. ഈ ഉത്തരങ്ങൾ പരിശോധിക്കാതെ മാറ്റിവെച്ചത് ഒന്നാം റാങ്കുകാരനെ സഹായിക്കാൻ വേണ്ടി ബോധപൂർവം ചെയ്തതാണെന്ന് കരുതേണ്ടിയിരിക്കുന്നു. കൂടാതെ, മാർക്ക് ഷീറ്റിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകുന്നതിൽ വരുത്തിയ കാലതാമസവും വലിയ സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11-ന് ഉത്തരം കാണിക്കാൻ അപേക്ഷ സമർപ്പിച്ചുവെങ്കിലും, ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18-നാണ് പിഎസ്സി ഇതിന് മറുപടി നൽകിയത്.
നിയമപരമായ അഡ്വൈസ് മെമ്മോ നൽകിയാൽ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന നിയമനങ്ങൾ മാത്രമാണ് പിഎസ്സിക്ക് റദ്ദാക്കാൻ അധികാരമുള്ളത്. അതിനാൽ, പരാതിക്കാരുടെ നിയമപരമായ അവകാശങ്ങൾ തടസ്സപ്പെടുത്താനും ഒന്നാം റാങ്കുകാരന്റെ നിയമനം സംരക്ഷിക്കാനും വേണ്ടിയാണ് ഉത്തരക്കടലാസിന്റെ പകർപ്പ് നൽകുന്നത് മനപ്പൂർവം വൈകിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

