നടി അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം: ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

1 July 2026
നടി അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം: ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

കൊച്ചി: നടൻ ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നടി അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് എടുക്കേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.

ടിനി ടോം ഉപയോഗിച്ച ‘ജിഹാദി’ ഉൾപ്പെടെയുള്ള പരാമർശങ്ങൾ തമാശ രൂപേണയാണെന്നും അതിന് പിന്നിൽ ക്രിമിനൽ ഉദ്ദേശമില്ലെന്നുമായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതിൽ ക്രിമിനൽ ഉദ്ദേശമുണ്ടോ എന്ന് തെളിയേണ്ടത് വിശദമായ അന്വേഷണത്തിലാണെന്ന് കോടതി വ്യക്തമാക്കി. കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തിലുള്ള പരാതിയായതിനാൽ കേസെടുക്കേണ്ടതില്ലെന്ന പൊലീസ് വാദം കോടതി തള്ളി.

കഴിഞ്ഞ ജൂൺ ഒന്നിനാണ് അൻസിബ നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നുമായിരുന്നു നടിയുടെ പരാതി.

തന്റെ ഡ്രൈവറെ അൻസിബ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വ്യാജ വാർത്തകൾ ടിനി ടോം പ്രചരിപ്പിച്ചതായും ഇത് തനിക്ക് കടുത്ത മാനസിക പീഡനമുണ്ടാക്കിയെന്നും താരം ആരോപിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ് നടന്റെ പെരുമാറ്റമെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അൻസിബ നിയമനടപടികളിലേക്ക് കടന്നത്.