കണ്ണൂർ: വിഴിഞ്ഞം തുറമുഖവിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ കടുത്ത ആരോപണങ്ങളുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ മുൻ എം.ഡി ദിവ്യ എസ്. അയ്യരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ അദാനി ഗ്രൂപ്പ് അധികൃതർ നേരത്തെ നീക്കം നടത്തിയിരുന്നതായും, എന്നാൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഉറച്ച നിലപാടു കാരണം അത് നടക്കാതെ പോവുകയാണുണ്ടായതെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ ദിവ്യ എസ്. അയ്യർക്ക് സ്ഥാനചലനം ഉണ്ടായ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു രാഗേഷിന്റെ വിമർശനം. ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി.ഡി. സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലങ്ങളാണ് ഇപ്പോൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

