കള്ളാടി ദുരന്തം: മരണം അഞ്ചായി;മുന്നറിയിപ്പുകൾ അവഗണിച്ചു;സാങ്കേതിക പിഴവുകളും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി, ദുരന്തത്തിന് കാരണം നിർമ്മാണ കമ്പനിയുടെ ഗുരുതര വീഴ്ചയെന്ന് ജി.എസ്.ഐ റിപ്പോർട്ട്; ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുന്നു

9 July 2026
കള്ളാടി ദുരന്തം: മരണം അഞ്ചായി;മുന്നറിയിപ്പുകൾ അവഗണിച്ചു;സാങ്കേതിക പിഴവുകളും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി, ദുരന്തത്തിന് കാരണം നിർമ്മാണ കമ്പനിയുടെ ഗുരുതര വീഴ്ചയെന്ന് ജി.എസ്.ഐ റിപ്പോർട്ട്; ദുരന്തഭൂമിയിൽ തിരച്ചിൽ തുടരുന്നു
Kalladi tragedy

വയനാട്: കള്ളാടി തുരങ്കപ്പാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതിൽ ഒരു മൃതദേഹം പുഴയിൽ നിന്നാണ് ലഭിച്ചത്. മോശം കാലാവസ്ഥയിലും കാണാതായ മറ്റ് 3 പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

കഡാവർ നായ്ക്കളെയും സ്പോട് ലൊക്കേഷൻ ക്യാമറകളെയും ഉപയോഗിച്ച് 4 സോണുകളായി തിരിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്.

അതിനിടെ, തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (GSI) നൽകിയ ഗുരുതരമായ അപകട മുന്നറിയിപ്പുകൾ നിർമ്മാണ ചുമതലയുള്ള ‘ദിലീപ് ബിൽഡ്കോൺ’ കമ്പനി അവഗണിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജൂൺ 14-ന് ജി.എസ്.ഐ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമായിട്ടുണ്ട്.

നിർമ്മാണത്തിലിരിക്കുന്ന സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് നേരത്തെ തന്നെ വിള്ളലുണ്ടായിരുന്നു. റോക്ക് നെയിലിംഗ് (Rock Nailing) ചെയ്യേണ്ട അതീവ സുരക്ഷിത മേഖലയിൽ സോയിൽ നെയിലിംഗ് (Soil Nailing) ആണ് കമ്പനി നടത്തിയത്.

അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ഇരട്ട ട്യൂബ് റോഡ് ടണൽ പദ്ധതി പ്രദേശത്ത് ജൂൺ 3 മുതൽ 11 വരെ നടത്തിയ സംയുക്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജി.എസ്.ഐ നിർമ്മാണ കമ്പനിക്ക് മുന്നറിയിപ്പ് നൽകിയത്.

ഈ പ്രദേശത്തെ പാറകൾ ഉറപ്പുള്ളതാണെങ്കിലും (Charnockite, Amphibolite, Hornblende Gneiss), കട്ട് ആൻ്റ് കവർ ഭാഗത്ത് പ്ലാസ്റ്റിസിറ്റി കുറഞ്ഞ കട്ടിയേറിയ മേൽമണ്ണ് പാളിയാണുള്ളത്. ദീർഘകാലം മഴ പെയ്യുമ്പോൾ ഈ മണ്ണിൽ നിന്ന് വെള്ളം എളുപ്പത്തിൽ ഒഴുക്കിക്കളയാൻ സാധിക്കില്ല.

ഇത് മണ്ണിനുള്ളിലെ ജലസമ്മർദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇടതുവശത്തെ ചരിവിൽ ഏകദേശം 35 മീറ്റർ വരെ കട്ടിയുള്ള ഇത്തരം മേൽമണ്ണ് പാളിയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് നിലവിലെ വൻ ദുരന്തത്തിന് വഴിവെച്ചത്.